Friday, August 8, 2008

ഇതു പാടമല്ല.. ലക്ഷങ്ങള്‍ മതിക്കും ഭൂമിയാണ്..

നാട്ടിലെന്‍ കുഞ്ഞിക്കാ‍ല്‍കള്‍ പുതച്ച പിച്ചവെച്ച പാടത്തെ

ച്ചെളിത്തണുപ്പില്‍ കാല്‍ പുതഞ്ഞു നില്‍പ്പു ഞാനന്യയായ്



സ്വര്‍ണ്ണക്കതിരുകള്‍ തലക്കൊപ്പം നിരന്ന വയലതിന്‍

വരമ്പിലൂടെക്കുതിക്കും കുട്ടിക്കുറുമ്പല്ലിന്നു ഞാന്‍



ആവില്ലെനിക്കിന്നിപ്പാടത്തിന്നൊരുകോണിന

പ്പുറത്തെതറവാ‍ട്ടിലേക്കോടുവാന്‍



ആവില്ലെനിക്കിന്നിളം കുളിരെന്‍ കാലില്‍ ചേര്‍ത്തു

തോട്ടു വരമ്പു പകര്‍ന്നു കടക്കുവാന്‍




കേള്‍പ്പാനില്ല വയല്‍ക്കാറ്റിന്‍‍ ചൂളം വിളി‍

കിലുങ്ങും കതിര്‍ക്കുലകള്‍ ‍പൊഴിക്കും സംഗീതവും



മത്സരിച്ചു പാറുവാന്‍ കാറ്റുമില്ലാമോദത്താല്‍ ‍

പൊങ്ങിപ്പറക്കും കുഞ്ഞാറ്റക്കൂട്ടവും


പരുക്കനോലകള്‍ കുറുമ്പുകാട്ടിയ കാലില്‍


മുത്തമിട്ടിക്കിളിയാക്കും കരിങ്ങണക്കൂട്ടമിന്നില്ല


കതിരുകളിലെന്‍ മുന്നേ ചാട്ടം പകര്‍ന്ന പച്ചത്തുള്ളനെങ്ങോ

കള്ളനോട്ടമെറിഞ്ഞു ചിലച്ചു കതിര്‍ കട്ടു പറക്കും തത്തമ്മയെങ്ങോ




താഴ്ന്നെന്നൊപ്പം പാറിയ മഴത്തുമ്പികളുമീയാമ്പാറ്റകളുമെങ്ങോ

ചാടിയൊഴിഞ്ഞു വഴിയൊരുക്കും പോക്കാച്ചിക്കുട്ടന്മാരെങ്ങോ


ഇരുകരങ്ങളും വിടര്‍ത്തിയായം പിടിച്ചെന്‍ തുള്ളിയോട്ടം

ക്ഷണ മൊറ്റക്കാലില്‍ നിര്‍ത്തിക്കാന്‍ കുറുകെക്കിടന്നിടും

നീര്‍ക്കോലിച്ചാത്തനും ആര്‍ത്തു പൊങ്ങിയെന്‍ പിന്നിലായ്

വലം വെച്ചു താഴുന്ന പറവകളുമെങ്ങുപോയ്


ഊതി നെറ്റിയില്‍ക്കുത്തി പൊട്ടിക്കുവാന്‍

കൈക്കുമ്പിള്‍ നിറയെ കാക്കപ്പൂ തേടും കുഞ്ഞിക്കൈകളും


നെല്ലോലക്കുറുമ്പിന്റെ നീറ്റലിലും തോട്ടിന്‍ കുളിരും

ചെളിത്തണുപ്പും തേടും കുഞ്ഞിക്കാല്‍കളുമെങ്ങോ


വയലേലകളിലെക്കുതുകങ്ങളിലിമ്പം കൊള്ളും

ചെറു ബാല്യങ്ങളിന്നെങ്ങോ..



..............................................



ഇന്നെന്റെ നാട്ടില്‍ പാടമില്ല..

ലക്ഷങ്ങള്‍ വില വരും ഭൂമിയല്ലോ

കമ്പനികള്‍.. മോഡേണ്‍ റൈസ് മില്ലുകള്‍..

വാഴത്തോപ്പുകള്‍.. മണിമന്ദിരങ്ങള്‍..

അവിടവിടെ ടിപ്പറും പൊക്ലൈനുമെത്താച്ചതുപ്പുകള്‍

അവിടെന്തു വരമ്പെന്തു നെല്‍ക്ര്യിഷി

അവിടെന്തിനു പറവകള്‍ പൂത്തുമ്പികള്‍

അവിടെന്തിനു ചെറുമീനുകള്‍ ‍തോടു ഡ്രെയിനേജല്ലോ?

.
.

അവിടെന്തിനു കണ്‍വിടര്‍ത്തേണമിന്നത്തെ ബാല്യം?