Friday, August 8, 2008

ഇതു പാടമല്ല.. ലക്ഷങ്ങള്‍ മതിക്കും ഭൂമിയാണ്..

നാട്ടിലെന്‍ കുഞ്ഞിക്കാ‍ല്‍കള്‍ പുതച്ച പിച്ചവെച്ച പാടത്തെ

ച്ചെളിത്തണുപ്പില്‍ കാല്‍ പുതഞ്ഞു നില്‍പ്പു ഞാനന്യയായ്



സ്വര്‍ണ്ണക്കതിരുകള്‍ തലക്കൊപ്പം നിരന്ന വയലതിന്‍

വരമ്പിലൂടെക്കുതിക്കും കുട്ടിക്കുറുമ്പല്ലിന്നു ഞാന്‍



ആവില്ലെനിക്കിന്നിപ്പാടത്തിന്നൊരുകോണിന

പ്പുറത്തെതറവാ‍ട്ടിലേക്കോടുവാന്‍



ആവില്ലെനിക്കിന്നിളം കുളിരെന്‍ കാലില്‍ ചേര്‍ത്തു

തോട്ടു വരമ്പു പകര്‍ന്നു കടക്കുവാന്‍




കേള്‍പ്പാനില്ല വയല്‍ക്കാറ്റിന്‍‍ ചൂളം വിളി‍

കിലുങ്ങും കതിര്‍ക്കുലകള്‍ ‍പൊഴിക്കും സംഗീതവും



മത്സരിച്ചു പാറുവാന്‍ കാറ്റുമില്ലാമോദത്താല്‍ ‍

പൊങ്ങിപ്പറക്കും കുഞ്ഞാറ്റക്കൂട്ടവും


പരുക്കനോലകള്‍ കുറുമ്പുകാട്ടിയ കാലില്‍


മുത്തമിട്ടിക്കിളിയാക്കും കരിങ്ങണക്കൂട്ടമിന്നില്ല


കതിരുകളിലെന്‍ മുന്നേ ചാട്ടം പകര്‍ന്ന പച്ചത്തുള്ളനെങ്ങോ

കള്ളനോട്ടമെറിഞ്ഞു ചിലച്ചു കതിര്‍ കട്ടു പറക്കും തത്തമ്മയെങ്ങോ




താഴ്ന്നെന്നൊപ്പം പാറിയ മഴത്തുമ്പികളുമീയാമ്പാറ്റകളുമെങ്ങോ

ചാടിയൊഴിഞ്ഞു വഴിയൊരുക്കും പോക്കാച്ചിക്കുട്ടന്മാരെങ്ങോ


ഇരുകരങ്ങളും വിടര്‍ത്തിയായം പിടിച്ചെന്‍ തുള്ളിയോട്ടം

ക്ഷണ മൊറ്റക്കാലില്‍ നിര്‍ത്തിക്കാന്‍ കുറുകെക്കിടന്നിടും

നീര്‍ക്കോലിച്ചാത്തനും ആര്‍ത്തു പൊങ്ങിയെന്‍ പിന്നിലായ്

വലം വെച്ചു താഴുന്ന പറവകളുമെങ്ങുപോയ്


ഊതി നെറ്റിയില്‍ക്കുത്തി പൊട്ടിക്കുവാന്‍

കൈക്കുമ്പിള്‍ നിറയെ കാക്കപ്പൂ തേടും കുഞ്ഞിക്കൈകളും


നെല്ലോലക്കുറുമ്പിന്റെ നീറ്റലിലും തോട്ടിന്‍ കുളിരും

ചെളിത്തണുപ്പും തേടും കുഞ്ഞിക്കാല്‍കളുമെങ്ങോ


വയലേലകളിലെക്കുതുകങ്ങളിലിമ്പം കൊള്ളും

ചെറു ബാല്യങ്ങളിന്നെങ്ങോ..



..............................................



ഇന്നെന്റെ നാട്ടില്‍ പാടമില്ല..

ലക്ഷങ്ങള്‍ വില വരും ഭൂമിയല്ലോ

കമ്പനികള്‍.. മോഡേണ്‍ റൈസ് മില്ലുകള്‍..

വാഴത്തോപ്പുകള്‍.. മണിമന്ദിരങ്ങള്‍..

അവിടവിടെ ടിപ്പറും പൊക്ലൈനുമെത്താച്ചതുപ്പുകള്‍

അവിടെന്തു വരമ്പെന്തു നെല്‍ക്ര്യിഷി

അവിടെന്തിനു പറവകള്‍ പൂത്തുമ്പികള്‍

അവിടെന്തിനു ചെറുമീനുകള്‍ ‍തോടു ഡ്രെയിനേജല്ലോ?

.
.

അവിടെന്തിനു കണ്‍വിടര്‍ത്തേണമിന്നത്തെ ബാല്യം?

Sunday, July 27, 2008

ജയറാമിന്റെ അയല്പക്കം

ജയറാം സിനിമയില്‍ തിളങ്ങി വരുന്ന സമയം..
ക്ലാസ്സില്‍ ആരുടെയെങ്കിലും വീടെവിടെ എന്ന ചോദ്യത്തിനു പെരുമ്പാവൂരില്‍
എന്നു പറയേണ്ട താമസം ഉടന്‍ ചോദ്യം ഒന്ന് “പെരുമ്പാവൂരിലെവിടെ..“
“ടൌണില്‍ത്തന്നെ..“
രണ്ട് “ജയറാമിന്റെ വീടിന്റെ..?“
നമ്മള്‍ ഉടന്‍ ഉത്തരം കൊടുക്കും “തൊട്ടടുത്ത്..“
ഈ ഉത്തരം കൊണ്ട് പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നുമില്ലാതെ പോയി.. ക്ലാസ്സില്‍ പുതിയൊരു കുട്ടി വരുന്ന വരെ.. ഞങ്ങളുടെ ക്ലാസ്സിലെ ഒരു കുട്ടിയുടെ അടുത്ത ബന്ധുവാണ്.. കക്ഷിയുടെ ഒപ്പമാണ് വരവ്..
പുതിയ ഒരു തല കണ്ടപ്പോള്‍ത്തന്നെ ക്ലാസ്സ് റൂം നിശ്ശബ്ദമായി..
ഞാന്‍ മുന്‍പില്‍ത്തന്നെയുണ്ട്.. നമ്മുടെ ബന്ധു ഉടന്‍ ഒരു പ്രഖ്യാപനം..
“ബിഞ്ചു ഇതാണു ഞാന്‍ പറഞ്ഞ എം എം ആര്‍“ ഞാനൊന്നു ഞെട്ടി.. പിന്നെ സമാധാ‍നിച്ചു..
നമ്മള്‍ പഠിത്തത്തില്‍ അല്പം സ്റ്റാര്‍ ചെയ്യുന്ന കാലമാണ്..
എന്നോടു മത്സരിക്കുന്ന ഒരാളുമുണ്ട്, ജെയ്നി.. ഞാനൊന്നു പൊങ്ങി..
പണിപ്പെട്ട് തിരിഞ്ഞു ജെയ്നിയെക്കണ്ടുപിടിച്ചു.. ഒരു സ്മൈല്‍ കൊടുത്തു..
ജെയ്നിയുടെ മുഖം മങ്ങിയോ..? തല തിരിച്ചില്ല ദേ വരുന്നു അടുത്ത ഡയലോഗ്..
“ജയറാമിന്റെ അയല്പക്കം..“
ജെയ്നി പ്രസന്നവദനയായി നമ്മടെ സ്മൈല്‍ അതേ പടി തിരിച്ചടിച്ചു..
അന്നേ ഞാന്‍ തീരുമാനിച്ചതാ.. ആളുകളുടെ മുന്‍പില്‍ നമ്മുടെ സാമര്‍ത്ഥ്യമൊന്നും പോരാ അതിനീ ജയറാമിന്റേയും, രവീന്ദ്രന്‍ സാറിന്റേയുമൊക്കെ പരോക്ഷ സഹായം തന്നെ വേണമെന്ന്..

Friday, July 25, 2008

എന്റെ തുടക്കം..

2007 ജൂലൈ 24നു എന്റെ ഉമ്മ സ്ട്രോക്കു വന്ന് കിടപ്പിലായി.. ഒക്ടോബര്‍ 29 വൈകുന്നേരം യാത്രയായി.. ജീവിതത്തിലാദ്യത്തെ വേര്‍പാട്.. ആദ്യത്തെ നഷ്ടം.. ഈ ജൂലൈ 24നുതന്നെ ഉമ്മയെ ക്കുറിച്ചെഴുതിക്കൊണ്ടു ബ്ലോഗില്‍ തുടക്കം കുറിക്കണമെന്നഗ്രഹിച്ചു..

ഈ ദിനം മുതല്‍ ഉമ്മയുടെ വേര്‍പാടിന്റെ ദിനം വരെ പകര്‍ത്താന്‍ തുടങ്ങിയതുമാണ്.. ഓരോ വരിയും കണ്ണീരും തേങ്ങലുമായി പിന്നിടുമ്പോള്‍

സ്വാസ്ഥ്യം തിരിച്ചുകിട്ടാന്‍ ബൂലോഗപ്പെരുവഴിയിലൂടെ ഞാനലഞ്ഞു.. കയ്യില്‍ കിട്ടിയതൊക്കെ പെറുക്കി.. എവിടെയൊക്കെയോ എന്തെല്ലാമോ കോറിയിട്ടു.. ആരെയെങ്കിലും പോറ്ലേല്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്..

എനിക്കു എന്റെ ഉമ്മയെക്കുറിച്ചെഴുതാതെ വയ്യ.. ബൂലോഗം നീറയെ.. നിറയെ..

പക്ഷേ..

ആ പാവത്തിന്റെ ദീന നാളുകള്‍ പകര്‍ത്തുന്ന ഒരു ചെറിയ വരി പോലും എന്നെ വല്ലാതെ ഉലയ്ക്കുന്നു..

ഉമ്മയില്ലാത്ത ഒരു ജന്മദിനവും ഈ ജൂലൈ 11ന് എന്നെക്കടന്നുപോയി..

ഇനിയങ്ങോട്ട് ജീവിതം പൊള്ളുന്നതാണ്.. സ്നേഹത്തിന്റെ പച്ചത്തുരുത്തുകള്‍ ഒന്നൊന്നായി നഷ്ടപ്പെടാം.. നിഷേധിക്കപ്പെടാം.. എന്നത് ഒരു തിരിച്ചറിവായി എന്നെ പൊതിയുന്നു..

വ്യവസ്ഥകളില്ലാത്ത നിറഞ്ഞ സ്നേഹം.. വാത്സല്യം.. അത് വേണ്ടുവോളം കിട്ടുന്ന ചുരുക്കം ചിലയിടങ്ങളില്‍ ഒന്നാം സ്ഥാനമാണു അമ്മയുടെ മടിത്തട്ട്.. ആ മടിത്തട്ടിന്റെ സുരക്ഷ എന്നെന്നേക്കുമായി നഷ്ടപ്പെട്ട‍ എന്നെപ്പോലുള്ളവര്‍ ഈ ബൂലോഗത്തു വേറെയുമുണ്ടെന്നു ഞാനറിയുന്നു..

എല്ലാ ബൂലോഗവാസികളോടുമായി ഞങ്ങള്‍ നഷ്ടക്കാര്‍ക്കുവേണ്ടി ഞാന്‍ പറയട്ടെ.. പ്രായമായ മാതാപിതാക്കള്‍ വീടിന്റെ ഇരുണ്ടമൂലകളിലോ, വ്രദ്ധസദനങ്ങളിലോ ഉപേക്ഷിക്കപ്പെടേണ്ടവരോ അവഗണിക്കപ്പെടേണ്ടവരോ അല്ല..

മറിച്ചു നമ്മുടെ വീടെന്ന കൊച്ചു സാമ്രാജ്യത്തിലെ മഹാറാണിയും മഹാരാജാവുമായി വാഴിക്കപ്പെടേണ്ടവരാണ്..

നിറുത്തുന്നു, വീണ്ടും കാണാം..

മണ്ണും മഴയും പ്രേമിക്കുന്നേരം..

മഴ.. മണ്ണിലാഘോഷവേള തന്‍

തിമിര്‍പ്പിലപ്രതീക്ഷിതം..ശാന്തഗംഭീരം..

വയലറ്റു വര്‍ണ്ണപ്പൂക്കളണി മണ്ണുകയ്യേറ്റൂ

മഴനൂല്‍ സമ്മാനം നിസ്സംഗ സ്മേരത്താല്‍ ..

രാവില്‍ മണ്ണു ഗൌനിച്ചില്ലേ..

നിറയും മഴനൂല്‍ സ്സമ്മാനവുമായണയും മഴയെ..

മണ്ണു മഴ കൊതിക്കുന്നില്ലേ..

മണ്ണു മഴയോര്‍ക്കാറില്ലേ..

മണ്ണറിഞ്ഞീലേ മഴതന്‍ പ്രണയം..

ആര്‍ത്തു മണ്ണില്‍ പെയ്തു നിറയാന്‍തുടിക്കും മഴതന്‍ മനം..

മദ്ധ്യാഹ്ന വിരസതയിലിരമ്പിയണഞ്ഞൂമഴ..

മണ്ണോര്‍ത്തൂ മഴയെന്തേയിങ്ങനെ..

മന്ദ്രമധുര മണിനാദമുതിര്‍ക്കും കാവിലെസ്സന്ധ്യയില്‍..

ഗാഡമൊരുനോക്കെറിഞ്ഞു മഴ പായവേ..

മണ്ണു തരിച്ചുവോ.. അസ്വസ്ഥമോ മണ്ണിന്‍ മനം..?

മണ്ണറിഞ്ഞുവോ വരണ്ടുപോയെന്നു..

കുളിര്‍ക്കാന്‍ നറുനാമ്പുകള്‍ കിളിര്‍ക്കാന്‍..

തേടീ ദാഹാര്‍ത്തയായ് മഴയെ..

മദ്ധ്യാഹ്നക്കൊടും ചൂടിലും..

വരണ്ട സായഹ്നത്തിലും മണ്ണു കാത്തു..

മഴയിരമ്പിയെത്തുമെന്ന്..

മണ്ണു മഴയെയോര്‍ക്കുന്നു..!

മണ്ണുമഴയെ പ്രണയിക്കുന്നോ..?

മഴയെപ്പൊഴും മണ്ണിലുണ്ടാകാന്‍..

കുളിര്‍മഴയില്‍..പേമാരിയില്‍..

മഴനൂലുകളില്‍ പൊതിഞ്ഞു മഴയില്‍

ലയിക്കാന്‍..പുളയ്ക്കാന്‍..തളം കെട്ടി.. തടംതല്ലിയാര്‍ക്കാന്‍..

ഇരമ്പിപ്പുഴയായൊഴുകാന്‍ കൊതിച്ചുവോ..?

മണ്ണു വരള്‍ച്ചയിലല്ലോ.. മഴയില്ലല്ലോ മണ്ണില്‍..

മഴയിനിയുമെത്തിയില്ല യെന്നിട്ടും..!

കാലം തെറ്റി മഴയും മണ്ണും‍ പ്രണയിക്കുമോ..?

ഇനിയുമുര്‍വ്വരമാക്കേണ്ടതുണ്ടു മഴ..

സമതലങ്ങള്‍..നിമ്നോന്നതങ്ങളും..

മഴയ്ക്കു മണ്ണിനെ പ്രണയിക്കാനാകുമോ..?

മണ്ണു മഴയെ പ്രണയിച്ചു പോയെങ്കിലും..