Friday, August 8, 2008

ഇതു പാടമല്ല.. ലക്ഷങ്ങള്‍ മതിക്കും ഭൂമിയാണ്..

നാട്ടിലെന്‍ കുഞ്ഞിക്കാ‍ല്‍കള്‍ പുതച്ച പിച്ചവെച്ച പാടത്തെ

ച്ചെളിത്തണുപ്പില്‍ കാല്‍ പുതഞ്ഞു നില്‍പ്പു ഞാനന്യയായ്



സ്വര്‍ണ്ണക്കതിരുകള്‍ തലക്കൊപ്പം നിരന്ന വയലതിന്‍

വരമ്പിലൂടെക്കുതിക്കും കുട്ടിക്കുറുമ്പല്ലിന്നു ഞാന്‍



ആവില്ലെനിക്കിന്നിപ്പാടത്തിന്നൊരുകോണിന

പ്പുറത്തെതറവാ‍ട്ടിലേക്കോടുവാന്‍



ആവില്ലെനിക്കിന്നിളം കുളിരെന്‍ കാലില്‍ ചേര്‍ത്തു

തോട്ടു വരമ്പു പകര്‍ന്നു കടക്കുവാന്‍




കേള്‍പ്പാനില്ല വയല്‍ക്കാറ്റിന്‍‍ ചൂളം വിളി‍

കിലുങ്ങും കതിര്‍ക്കുലകള്‍ ‍പൊഴിക്കും സംഗീതവും



മത്സരിച്ചു പാറുവാന്‍ കാറ്റുമില്ലാമോദത്താല്‍ ‍

പൊങ്ങിപ്പറക്കും കുഞ്ഞാറ്റക്കൂട്ടവും


പരുക്കനോലകള്‍ കുറുമ്പുകാട്ടിയ കാലില്‍


മുത്തമിട്ടിക്കിളിയാക്കും കരിങ്ങണക്കൂട്ടമിന്നില്ല


കതിരുകളിലെന്‍ മുന്നേ ചാട്ടം പകര്‍ന്ന പച്ചത്തുള്ളനെങ്ങോ

കള്ളനോട്ടമെറിഞ്ഞു ചിലച്ചു കതിര്‍ കട്ടു പറക്കും തത്തമ്മയെങ്ങോ




താഴ്ന്നെന്നൊപ്പം പാറിയ മഴത്തുമ്പികളുമീയാമ്പാറ്റകളുമെങ്ങോ

ചാടിയൊഴിഞ്ഞു വഴിയൊരുക്കും പോക്കാച്ചിക്കുട്ടന്മാരെങ്ങോ


ഇരുകരങ്ങളും വിടര്‍ത്തിയായം പിടിച്ചെന്‍ തുള്ളിയോട്ടം

ക്ഷണ മൊറ്റക്കാലില്‍ നിര്‍ത്തിക്കാന്‍ കുറുകെക്കിടന്നിടും

നീര്‍ക്കോലിച്ചാത്തനും ആര്‍ത്തു പൊങ്ങിയെന്‍ പിന്നിലായ്

വലം വെച്ചു താഴുന്ന പറവകളുമെങ്ങുപോയ്


ഊതി നെറ്റിയില്‍ക്കുത്തി പൊട്ടിക്കുവാന്‍

കൈക്കുമ്പിള്‍ നിറയെ കാക്കപ്പൂ തേടും കുഞ്ഞിക്കൈകളും


നെല്ലോലക്കുറുമ്പിന്റെ നീറ്റലിലും തോട്ടിന്‍ കുളിരും

ചെളിത്തണുപ്പും തേടും കുഞ്ഞിക്കാല്‍കളുമെങ്ങോ


വയലേലകളിലെക്കുതുകങ്ങളിലിമ്പം കൊള്ളും

ചെറു ബാല്യങ്ങളിന്നെങ്ങോ..



..............................................



ഇന്നെന്റെ നാട്ടില്‍ പാടമില്ല..

ലക്ഷങ്ങള്‍ വില വരും ഭൂമിയല്ലോ

കമ്പനികള്‍.. മോഡേണ്‍ റൈസ് മില്ലുകള്‍..

വാഴത്തോപ്പുകള്‍.. മണിമന്ദിരങ്ങള്‍..

അവിടവിടെ ടിപ്പറും പൊക്ലൈനുമെത്താച്ചതുപ്പുകള്‍

അവിടെന്തു വരമ്പെന്തു നെല്‍ക്ര്യിഷി

അവിടെന്തിനു പറവകള്‍ പൂത്തുമ്പികള്‍

അവിടെന്തിനു ചെറുമീനുകള്‍ ‍തോടു ഡ്രെയിനേജല്ലോ?

.
.

അവിടെന്തിനു കണ്‍വിടര്‍ത്തേണമിന്നത്തെ ബാല്യം?

22 comments:

mmrwrites said...

ഈ പാടത്തിനു നമ്മളോട് പണ്ടത്തെ സോഫ്റ്റ് കോര്‍ണറൊന്നുമില്ലെന്നേ.. :-(

കഴിഞ്ഞ കര്‍ക്കിടക വാവുദിനത്തില്‍ കാലടിക്കും പെരുമ്പാവൂരിനുമിടയ്ക്ക് ഒക്കല്‍ എന്നു പേരുള്ള ഞങ്ങളുടെ കുഞ്ഞു നാട്ടുമ്പുറത്തെ ചെറിയ കറക്കത്തിനിടെ പണ്ടത്തെ തഴമ്പോര്‍ത്ത് പാടത്തൂടെ ഒന്നു ഷോര്‍ട്ട് കട്ട് ചാടിനോക്കിയതാണ്..
ഉരുണ്ടും പിരണ്ടും ചെളിയഭിഷേകമായി ഒരുവിധം കരക്കു കയറി.. :-)

അന്നു മുതലേ വിചാരിക്കുന്നതാ ഒന്നു പോസ്റ്റണമെന്ന്..
വെട്ടും തിരുത്തും കുറേ നടത്തി..
എന്നിട്ടും നന്നാവുന്നില്ല..
ഇനി വെട്ടുമില്ല കുത്തുമില്ല ഇവിടെ ഡിസ്പോസ് ചെയ്യുന്നു.

ജിജ സുബ്രഹ്മണ്യൻ said...

തേങ്ങ അടിക്കാനുള്ള യോഗം എനിക്കു തന്നെ..ഇനിയും ചെളിയില്‍ വീഴാന്‍ ആശംസിക്കുന്നു

mydailypassiveincome said...

തേങ്ങ അടിക്കാനോടിയെത്തിയ എന്നെ കാന്താരിക്കുട്ടി പറ്റിച്ചു :(

കവിത നന്നായിരിക്കുന്നു :)

വേണു venu said...

ഉണരുക,
ഒന്നും അവിടില്ല.ഉള്ളതു് യന്ത്രപ്പുകില്‍ മാത്രം.:)
ഇഷ്ടമായി.

OAB/ഒഎബി said...

പാടത്ത് നെല്ലും വിത്തും കൊത്തിത്തിന്നാന്‍ വരുന്ന കുരുവി കിളിക്കൂട്ടത്തെയും ആട്ടിപ്പായിക്കുമ്പോള്‍ കുട്ടിയായ എന്നെ പേടിക്കാതെ അവറ്റകള്‍ വീണ്ടും വീണ്ടും വരുമ്പോള്‍, പ്രാകി പ്രാകി.....
ഷോട്ട് കട്ടുകള്‍ എത്രയുണ്ടായിരുന്നു അന്നൊക്കെ...
ഇന്നെന്റെ മക്കള്‍ക്ക് ആ കഥ കേള്‍ക്കാന്‍ പോലും താല്പര്യമില്ല.

മനസ്സിനെ വല്ലാതെ പ്രയാസപ്പെടുത്തുന്ന കാര്യങ്ങളാണ്‍ ഇവിടെ താങ്കള്‍ എഴുതിയതൊക്കെയും.

ഗോപക്‌ യു ആര്‍ said...

ചെറു ബാല്യങ്ങളിന്നെങ്ങോ...
xcuse me...i feel some sort of
incopleatness...nalla kavitha..
but u could have make it more! perfect!!
some cut shorts;instead of short cuts!!

ഗോപക്‌ യു ആര്‍ said...

correction---pl read as
INCOMPLETENESS!!

അനില്‍@ബ്ലോഗ് // anil said...

കടല്‍ പോലെ മനോഹരമായ ഒരു കാഴ്ചയാണു പാടവും. പാടവരമ്പത്തൂടെയുള്ള സ്കൂള്‍ യാ‍ത്രകള്‍ മറക്കാവുന്നതല്ല.

narikkunnan said...

അറ്റം കാണാതെ നീണ്ട് നിരന്ന് കിടന്നിരുന്ന നെല്പാടങ്ങളില്‍ കോണ്‍ക്രീറ്റ് കാടുകള്‍. മൂര്‍ദ്ദാവില്‍ ചുവന്ന തട്ടമിട്ട് ഈ കോണ്‍ക്രീറ്റ് സൌദങ്ങള്‍ ഒരു ഭൂതകാലത്തിന്റെ അവശിശ്ടങ്ങളിലേക്ക് ഓര്‍മ്മകള്‍ പോലും സമ്മാനിക്കാത്തവിധം ഉയര്‍ന്ന് പൊങ്ങിയിരിക്കുന്നു. എന്റെ നാട്ടിലെ ഈ പ്രാവശ്യത്തെ അവദിക്കാല കാഴ്ചയാണിത്.

പാടം നികത്തി വീടുകള്‍ വക്കരുതെന്ന് ഇടക്കാലത്ത് ഒരു വിധിയുണ്ടായിരുന്നു. അത് വീണ്ടും പാഴ്വാക്കായി എത്ര വീടുകളാണ് ഉയര്‍ന്ന് പൊങ്ങുന്നത്. ജനത്തെ പറഞ്ഞിട്ട് കാര്യമില്ല. ജനങ്ങളും, കുടുംബങ്ങളും പെരുകുന്നതിനനുസരിച്ച് ഭൂമി പെരുകുന്നില്ല.

ജഗ്ഗുദാദ said...

പാടവും പണിക്കാരും ഒക്കെ ഇനി ഭൂതകാല സ്മരണകള്‍ മാത്രം... സ്വന്തം അധ്വാനവും വിയര്‍പ്പും ജീവനും കൊടുത്തു വിളയിക്കുന്ന ഫലം കൊയ്തെടുക്കാന്‍ പോലും ഇന്നു കര്ഷകന് അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു. കര്‍ഷകനും പണി്യാളര്‍്ക്കുമായി ഉത്ഭവിച്ച ഒരു പ്രസ്ന്ഥാനം, കര്‍്ഷ്കരെയും കാര്ഷിക പാരമ്പര്യത്തെയും ഉന്മൂലനം ചെയ്യുന്ന അവസ്ഥന്താരമാണ് ഇന്നു നമുക്കു കാണാന്‍ കഴിയുക.

സ്വാതന്ത്ര്യ സമരം കാണാതെ സ്വാതന്ത്ര്യ സമര പെന്‍ഷന്‍ വാങ്ങുന്ന സെനാനിമാരെ പോലെ ആണ് പുതുതലമുറ കര്‍ഷകര്‍. പാടവും പറമ്പും ഒക്കെ അന്യമാക്കി ശ്വാസം മുട്ടിക്കുന്ന ഫ്ലാട്ടുകളിലെ മട്ടുപ്പാവില്‍ വിളയിക്കുന്ന പയരിലും പടവലത്തിലും ഒക്കെ ആയി കേരളത്തിന്റെ കാര്ഷിക സംസ്കാരം. തമിഴനോ ആന്ത്രാക്കര്ണോ അരി തന്നില്ലെന്കില്‍ നമ്മടെ അന്നം മുട്ടും.

Azeez Manjiyil said...

എം.എം;
കവിത വായിച്ചു.
ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ ഗ്രാമത്തെക്കുറിച്ച്‌ എഴുതിയ കവിതയിലെ ചില വരികള്‍ അനുബന്ധമായി കുറിക്കാന്‍ തോന്നുന്നു.

".........................
വില്ലൊത്ത കൊക്കിനാല്‍ നെല്ല് കൊറിപ്പത്‌ വെള്ളമിറക്കി ഞാന്‍ നോക്കി നിന്നു.
ചിത്തത്തിലന്ന് തൊട്ടെത്തിയൊരാശയാ-
ണൊത്തൊരു തത്തയെ കൂട്ടിലാക്കാന്‍.
ഒത്തില്ലിതുവരെ പച്ചത്തത്തമ്മയെ
ചന്തത്തില്‍ തീര്‍ത്തൊരെന്‍ കൂട്ടിലാക്കാന്‍.
കൊച്ചു കുറ്റികളില്‍ കെട്ടിയ നൂല്‍ വല
കുറ്റി തറച്ചു ഞാന്‍ നെല്‍ വരമ്പില്‍
കുറ്റബോധത്തോടെ കുത്തിയിരുന്നു
ഞാന്‍ കറുക വരമ്പിന്റെ മൂല തന്നില്‍
..................
ഓടി ഞാന്‍ തത്ത തന്‍ ചാരത്തണഞ്ഞപ്പോള്‍ പോടയെന്നോതിയത്തത്ത കൊത്തി
നൂലില്‍ നിന്നും പച്ചത്തത്തയെ വേഗത്തില്‍ നൂതനാമായൊരു കൂട്ടിലാക്കി
കൊച്ചു കതിര്‍ക്കുല കൂട്ടില്‍ കൊടുത്തു ഞാന്‍ കൊച്ചരിപ്പല്ലുകളൊന്നു കാണാന്‍ കൊത്തിക്കുടഞ്ഞതല്ലാതെയത്തത്തമ്മ കൊത്തിക്കൊറിച്ചില്ല നെന്മണികള്‍
പാവമത്തത്തമ്മ ചില്‍ ചില്‍ ചിലക്കില്ല
പാവപോലെ ശോക മൂകമായി
പാടീനടന്നൊരത്തത്തയെ ഞാനിന്ന്‌
പാവയാക്കിയത്‌ പാപമായി......"
ബാല്യകാലത്തെ ഓര്‍മ്മകളിലേയ്‌ക്ക്‌ കൂട്ടിക്കൊണ്ട്‌ പോയതിന്ന്‌ നന്ദി.

poor-me/പാവം-ഞാന്‍ said...

jcb kal paarikkalikkunna perumbavoorinte oudyokika bhaasha bengaly aayathum arinjille?

poor-me/പാവം-ഞാന്‍ said...

jcb kal paarikkalikkunna perumbavoorinte oudyokika bhaasha bengaly aayathum arinjille?

mmrwrites said...

എല്ലാറ്റിനും കാന്താരിക്കുട്ടി തന്നെ തേങ്ങയുടക്കട്ടെ ചെളിയില്‍ വീഴല്‍ നല്ല സുഖമാണ് - കാന്താരിക്കുട്ടിക്ക്

റെയിന്‍ഡ്രോപ്സ് നന്ദി

വേണു - അതെ യന്ത്രപ്പുകില്‍ മാത്രം

ഒഎബി- അതെ ഈ കുട്ടികളെന്താ ഇങ്ങനെ? കാലം പോയൊരു പോക്കേ..

ഗോപക് - നിര്‍ദ്ദേശങ്ങള്‍ക്കു പ്രത്യേകം നന്ദി

mmrwrites said...

അനില്‍@‍ബ്ലോഗ്- അതെ പാടം ഒരുപാട് സുന്ദര സ്മ്രുതികളുടെ ചെപ്പാണ്- മഴയത്ത് പാടത്തൂടെയുള്ള സ്ക്കൂള്‍ യാത്ര.. ഉഴുതടിച്ച പാടത്തെ പുതുവരമ്പിലൂടെ.. കൊയ്തൊഴിഞ്ഞ കണ്ടങ്ങളിലൂടെ..
പൊയ്പ്പോയ നാളുകള്‍ നല്ല നാളുകള്‍..
ഇനിയൊന്നു കാണാന്‍ കൊതിപ്പു ഞാന്‍..

നരിക്കുന്നന്‍- ജനങ്ങളും കുടുംബങ്ങളും പെരുകുന്നതനുസരിച്ച് ഭൂമി പെരുകുന്നില്ല.. മനുഷ്യന്‍ കൂടുതല്‍ സ്വാര്‍ത്ഥിയാകുന്നതിനനുസരിച്ചും.

ജഗ്ഗുദാദ- കര്‍ഷകര്‍ ഇന്ന് അപൂര്‍വ്വ ജീവികളായിക്കൊണ്ടിരിക്കുന്നു.. പ്രസ്ഥാനങ്ങളെ മാത്രം വിരല്‍ ചൂണ്ടുന്നതിലര്‍ത്ഥമില്ല.. ഞാനടക്കമുള്ള മുഴുവന്‍ ആളുകളുടേയും മനസാക്ഷിക്കു നേരേയാണു വേണ്ടത്.

മഞ്ഞിയില്‍ - നന്ദി.. കവിത നന്നേ ഇഷ്ടപ്പെട്ടു താങ്കള്‍ അനുഗ്രഹീതനായ കവിതന്നെ..

പുവര്‍ മി - സ്പോക്കണ്‍ ഹിന്ദി വശമില്ലാതെ പെരുമ്പാവൂരില്‍ ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.
പെരുമ്പാവൂര്‍ പള്‍സ് നന്നായി അറിയാമല്ലോ. :)

ബഷീർ said...

>നാട്ടിലെന്‍ കുഞ്ഞിക്കാ‍ല്‍കള്‍ പുതച്ച പിച്ചവെച്ച പാടത്തെ
ച്ചെളിത്തണുപ്പില്‍ കാല്‍ പുതഞ്ഞു നില്‍പ്പു ഞാനന്യയായ്<


മധുരമുള്ള ഓര്‍മ്മകള്‍.. ഓര്‍ക്കാനെങ്കിലുമുണ്ടല്ലോ എന്നോര്‍ത്ത്‌ സമാധാനിക്കുക.. ഇഷ്ടമായി ഈ വരികള്‍..

മഞ്ഞിയിലിന്റെ കവിതയും നന്നായിരിക്കുന്നു..

ആദ്യത്തെ വരിയില്‍ (പുതച്ച)>അധികപറ്റാണോ അതോ എനിക്ക്‌ മനസ്സിലാവാഞ്ഞിട്ടോ ?

ഒരു സ്നേഹിതന്‍ said...

നല്ല വരികൾ.

ഷോറ്ട്ട് കട്ട് ചാടിക്കടന്ന സീനാലോചിച്ചിട്ട് എനിക്ക് ചിരി വരുന്നു, ഇനിയും അതുപോലെ സംഭവിക്കട്ടെ, എന്നാലല്ലെ ഇതുപോലെ നല്ല വരികൾ കിട്ടൂ..

ആശംസകൾ..

salimonsdesign said...

mannu kayatti tipparukal pokunna kanumbam njanorkkunnathu etho padathinte savamadakku thudangiyanna.....

smaranakalile ah padangal eniyethra kalam

kavitha nannayittundu

Land || നാട് said...

good......... keep it up!!!

ഗൗരിനാഥന്‍ said...

പരുക്കനോലകള്‍ കുറുമ്പുകാട്ടിയ കാലില്‍

മുത്തമിട്ടിക്കിളിയാക്കും കരിങ്ങണക്കൂട്ടമിന്നില്ല

:(

Raseena said...

ഇഷ്ടമായി..സുന്ദരമായിരിക്കുന്നു.. ഒറ്റ വായനയില്‍ തന്നെ ഒരു lyrical ക്വാളിറ്റി ഫീല്‍ ചെയ്യുന്നു..ആശംസകള്‍..

Raseena said...
This comment has been removed by the author.